ഓസ്ലോ: എപ്സ്റ്റീൻ ഫയൽസ് വെളിപ്പെടുത്തലുകളെ തുടർന്ന് നോർവീജിയൻ കൊട്ടാരം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ. ഭാവി രാജ്ഞിയും ക്രൗൺ പ്രിൻസസുമായ മെറ്റെ മാരിറ്റിന് ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതും, അവരുടെ മകൻ മാരിയസ് ബോർഗ് ഹൈബി നാല് സ്ത്രീകളെ ബലാത്സംഗം ചെയ്തതടക്കം 38 കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടുന്നതുമാണ് രാജകുടുംബത്തെ അങ്കലാപ്പിലാക്കിയത്.
അമേരിക്കൻ നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തുവിട്ട രേഖകളിലാണ് മെറ്റെ മാരിറ്റും ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള അടുത്ത ബന്ധം വെളിപ്പെട്ടത്. എപ്സ്റ്റീൻ ഫയലുകളിൽ ആയിരത്തിലധികം തവണ ക്രൗൺ പ്രിൻസസിന്റെ പേര് പരാമർശിക്കുന്നുണ്ട്. 2011 മുതൽ 2014 വരെയുള്ള കാലയളവിൽ ഇരുവരും നിരന്തരം ഇമെയിൽ വഴി ആശയവിനിമയം നടത്തിയിരുന്നതായി തെളിഞ്ഞു.
എപ്സ്റ്റീനെ "പ്രിയപ്പെട്ടവൻ" എന്നും സുന്ദരൻ എന്നും മെറ്റെ മാരിറ്റ് വിളിച്ചിരുന്നതായി രേഖകൾ പറയുന്നു. എപ്സ്റ്റീന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് 2019-ൽ അവർ പറഞ്ഞിരുന്നെങ്കിലും, 2011-ൽ തന്നെ അവർ ഗൂഗിൾ വഴി അദ്ദേഹത്തെക്കുറിച്ച് തിരഞ്ഞതായും ഇമെയിൽ ചെയ്തതായും പുതിയ രേഖകൾ വ്യക്തമാക്കുന്നു.
എപ്സ്റ്റീനുമായുള്ള ബന്ധം തനിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയിൽ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മെറ്റെ മാരിറ്റ് ഔദ്യോഗികമായി പ്രസ്താവിച്ചു.
മെറ്റെ മാരിറ്റിന് രാജകുടുംബത്തിന് പുറത്തുള്ള ബന്ധത്തിൽ ജനിച്ച മകനാണ് മാരിയസ് ബോർഗ് ഹൈബിയാണ് (29). ഫെബ്രുവരി മൂന്നിന് ഓസ്ലോ ജില്ലാ കോടതിയിൽ മാരിയസിന്റെ വിചാരണ ആരംഭിച്ചു. നാല് സ്ത്രീകളെ ബലാത്സംഗം ചെയ്തത് ഉൾപ്പെടെ 38 ക്രിമിനൽ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബലാത്സംഗത്തിന് പുറമെ ഗാർഹിക പീഡനം, ലഹരിക്കടത്ത് വധഭീഷണി എന്നീ കുറ്റങ്ങളും ഇയാൾ നേരിടുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ 16 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
എന്നാൽ മാരിയസിന് രാജകീയ പദവികളൊന്നുമില്ലെന്നും നിയമത്തിന് മുന്നിൽ അയാൾ ഒരു സാധാരണ പൗരനാണെന്നും കൊട്ടാരം വ്യക്തമാക്കിയിട്ടുണ്ട്. മകന്റെ വിചാരണ വേളയിൽ മെറ്റെ മാരിറ്റും ഭർത്താവ് ക്രൗൺ പ്രിൻസ് ഹാക്കോണും വിട്ടുനിൽക്കുകയാണ്. എങ്കിലും, രാജകുടുംബത്തിന്റെ പ്രതിച്ഛായയ്ക്ക് ഈ സംഭവങ്ങൾ ഏൽപ്പിച്ച ആഘാതം ചെറുതല്ല.